Friday, August 16, 2019

ഗതികിട്ടാത്ത തീസിസുകൾ

പഴയ 
ഒളിത്താവളങ്ങൾ
ഉറുമ്പരിച്ചിരിക്കുന്നു
ആരാണവിടെ 
മധുരം വിളമ്പിയത്?

Tuesday, August 13, 2019

ഞാൻ എന്റെ ദേശീയത നിർവ്വചിക്കുന്നു

                             രംനേഷ്‌

തലതിരിച്ച് കെട്ടിയാൽ
പോലീസുപിടിക്കാൻ
എനിക്കൊരു പതാക വേണം.

എഴുന്നേറ്റ് നിൽക്കാത്തതിന്
ക്രൂശിക്കപ്പെടാനൊരു
ദേശീയ ഗാനം.

തലയില്ലാതെ വരച്ചാൽ
തലയുരുളാൻ എനിക്കൊരു
ഭൂപടം വേണം.

രാജ്യദ്രോഹത്തിന്
നാടുകടത്തപ്പെടാൻ
ഒരു അയൽ രാജ്യം.

എന്നെപ്പോലെ ഉണ്ണാനും
എന്നെപ്പോലെ ഉടുക്കാനും
എന്നെപ്പോലെ ഉറങ്ങാനും
കഴിയാതെ,
ജീവിതത്തിന്റെ നടുപ്പുറത്ത്
അടിയേറ്റവരെ കാണുമ്പോഴാണ്
എന്റെ രാജ്യത്ത് എത്ര പാകിസ്ഥാനുണ്ടെന്ന്
മനസ്സിലാകുന്നത്.

നിശബ്ദരാകൂ...
അവർ ദേശീയ ഗാനം മുഴക്കുന്നു.
ഇത് കലാപത്തിന്റെ നാലുമണി.
നമുക്ക് കുട്ടികളായി
വീട്ടിലേക്കോടാം.

അതുമല്ലെങ്കിൽ നമുക്ക്
നമ്മുടെ ശവം
ചുമക്കേണ്ടിവരും.
അവരോട് ആംബുലൻസിനു
യാചിക്കേണ്ടിവരും.

Sunday, August 4, 2019

മാർക്സും മാവോയും ഞാനും


രംനേഷ്‌


പ്രഭാതങ്ങളിൽ 
എനിക്ക് താടിവളരും
അകത്ത് മരിച്ച്കിടക്കുന്ന
എന്റെ സ്വപ്നങ്ങളുടെ 
ശവപ്പെട്ടിക്കായി
ഞാ൯ കാത്തിരിക്കും.
ആരാണ് എനിക്കൊരു
'പെന്നി'അയച്ചുതരിക?

വെെകുന്നേരങ്ങളിൽ
എനിക്ക് നെറ്റികയറും,
ചിന്തകളുടെ തോക്കി൯-
കുഴലിലൂടെ
അജ്ഞാതമായ ഒരു മൗനം
ലോങ്ങ്മാർച്ച് നടത്തും.

രാത്രിയിൽ 
ഒരു പ്രച്ഛന്നവേഷ
മത്സരത്തിൽ 
എന്റെ മുഖംമൂടിയണിഞ്ഞ്
ഞാ൯ പരാജയപ്പെടും.

Tuesday, July 30, 2019

ചാവേറുകൾ

രംനേഷ്‌


ചുംബനങ്ങളുടെ 
പ്രത്യയശാസ്ത്ര
പ്രതിസന്ധിക്കിടെ
ചുണ്ടിന് ചുണ്ടെന്ന്
ഞാ൯ തീസീസിറക്കിയതും,
നമ്മുടെ പ്രണയ- 
സമ്മേളനങ്ങൾ
രക്തരൂക്ഷിതമായതും,
നഷ്ടപ്പെടലിന്റെ
പോലീസ് സ്റ്റേഷനുകൾ
അക്രമിച്ചതും
വേർപിരിയലിന്റെ 
സായുധ സേനയ്ക്കരികെ
ചാവേറായ് പോയതും
ഗൂഢാലോചനയ്ക്ക്
പിടിക്കപ്പെട്ടതും
പ്രിയപ്പെട്ടവളേ...
മറ്റൊരർദ്ധരാത്രിയിൽ
നമുക്കിടയിൽ 
സ്വാതന്ത്ര്യം പിറക്കാനാണല്ലോ...

സ്വപ്നങ്ങളിൽ നിന്നാണ് മനുഷ്യനുണ്ടായത്

രംനേഷ്‌

നമ്മുടെ 
ശ്വാസോച്ഛ്വാസങ്ങൾ
അതിവേഗത്തിലാകുമ്പോൾ
നമ്മുടെ കുഞ്ഞ്
ഒരു കൊടുങ്കാറ്റാണെന്ന്
ഞാ൯ സ്വപ്നം കാണുന്നു.

ചുണ്ടോട് ചുണ്ടുചേർക്കുമ്പോൾ
നമ്മുടെ കുഞ്ഞ് 
ഒരു ചുവന്ന പുഴയാണെന്ന്,

നിന്റെ മുടിയിലേക്ക്
വഴുതി വീഴുമ്പോൾ
നമ്മുടെ കുഞ്ഞ്
ഒരു പട്ടുനൂൽപ്പുഴുവാണെന്ന്,

നിന്റെ കണ്ണുകളിലേക്ക്
ഊളിയിട്ടിറങ്ങുമ്പോൾ
നമ്മുടെ കുഞ്ഞ് 
മത്സ്യമായ് നീന്തുന്നുവെന്ന്,

നിന്റെ പൊക്കിൾച്ചുഴിയിലൂടെ
ഊർന്നിറങ്ങുമ്പോൾ
നമ്മുടെ കുഞ്ഞ്
ഒരു കുഴിയാനയെപ്പോലെ,

വനാന്തരങ്ങളിലൂടെ
കുതിച്ചുപായുമ്പോൾ
നമുക്ക് ഒരു
കടുവക്കുഞ്ഞാണെന്ന്,

നമ്മളിലൂടെ രേതസ്സിന്റെ
അരുവിയൊഴുകുമ്പോൾ
നമ്മുടെ കുഞ്ഞ് 
ഒരു പുള്ളിമാനെപ്പോലെ
മുഖംനോക്കാനെത്തുന്നു,

ഒന്നിന് മേലെ 
ഒന്നായി നാം
കിതച്ചുറങ്ങുമ്പോൾ
സ്വപ്നങ്ങളിൽ 
നമുക്കൊരു
മനുഷ്യക്കുഞ്ഞ് 
പിറക്കുന്നു.

Sunday, July 28, 2019

തോറ്റവരുടെ കാൽപ്പാടുകൾ


    രംനേഷ്‌

ജീവിച്ചിരുന്നു എന്നതിന് 
ഒരു തൂവൽപോലും 
കൊഴിച്ചിടാതെ
അസ്തമയത്തെക്കുറിച്ചുള്ള 
ഒരു ജലച്ചായചിത്രത്തിലൂടെ
ഞാനവസാനിക്കുന്നു.


Monday, July 22, 2019

ഒരു ദരിദ്ര പ്രേമത്തിന്റെ വിനോദസഞ്ചാരങ്ങൾ

രംനേഷ‌്


പരസ്പരം കെട്ടിപ്പിടിച്ച് നമ്മൾ 
ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ 
പ്രാവുകൾക്ക് തീറ്റ കൊടുത്തിട്ടില്ല.
നമുക്ക് പശ്ചാത്തലമായി
അവ പറന്നു പൊങ്ങിയിട്ടുമില്ല.

കന്യാകുമാരിയുടെ ഉദയവും 
അസ്തമയവും കണ്ടിട്ടില്ല.
ഡൽഹിയിലെ 
തകർന്ന സാമ്രാജ്യങ്ങളുടെ
ശവപ്പറമ്പിലൂടെ 
നാം ഒഴിവുദിനങ്ങൾ 
നടന്നുതീർത്തിട്ടില്ല.
കാശ്മീരിന്റെ തണുപ്പും 
താജ് മഹാളിന്റെ
പ്രേമവും കണ്ടിട്ടില്ല.
തലയും ഉടലും മൂടിയ 
ചൂടുകുപ്പായമിട്ട 
ഒരു ഫോട്ടോയും
നമ്മുടെ ശേഖരത്തിലില്ല.
ടിക്കറ്റെടുക്കാതെ കയറിയ 
തീവണ്ടിയിലെ, ആളൊഴിഞ്ഞ 
ഒരു കംപാർട്ട്മെന്റിൽ വച്ച്
ഞാൻ നിന്റെ പൊക്കിളിൽ 
ചുംബിക്കുകയായിരുന്നു.

ചിരവൈരികള്‍

കഥ : രംനേഷ് തലക്കെട്ടിനെക്കുറിച്ച് പൊതുവില്‍ എല്ലാവരിലും അഭിപ്രായ ഐക്യമുണ്ടായിരുന്നുവെങ്കിലും സ്‌പോര്‍ട്സ് ഡസ്‌ക്കില്‍ അന്ന് ചര്‍ച്ച...