Thursday, July 9, 2020

ചിരവൈരികള്‍



കഥ: രംനേഷ്


തലക്കെട്ടിനെക്കുറിച്ച് പൊതുവില്‍ എല്ലാവരിലും അഭിപ്രായ ഐക്യമുണ്ടായിരുന്നുവെങ്കിലും സ്‌പോര്‍ട്സ് ഡസ്‌ക്കില്‍ അന്ന് ചര്‍ച്ച അധികസമയത്തേക്ക് നീണ്ടു.

''ലോകത്തിലെ ഏറ്റവും വിനാശകരമായ പന്തുകള്‍ നേരിടുമ്പോഴും, അസാധ്യമായ ബൗണ്‍സറുകള്‍ തേര്‍ഡ്മാനിലേക്ക് അതിര്‍ത്തി കടത്തുമ്പോഴും സച്ചിന്‍ ടെൻഡുല്‍ക്കറും വാഖാര്‍ യൂനീസും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ശത്രുത ഉണ്ടായിരുന്നതായി അറിവില്ല' -  സീനിയര്‍ സബ് എഡിറ്റര്‍ ദീപന്‍ ഗോപാല്‍ ഹര്‍ഷ ബോഗ് ലെയെപ്പോലെ പറഞ്ഞു ചിരിച്ചു.

''മാത്രവുമല്ല, ശൊയിബ് മാലിക്കും ധോനിയും തമ്മില്‍ എന്തെങ്കിലും ശത്രുതയുണ്ടോ? ഇല്ല. അയാളിപ്പോള്‍ ഒരിന്ത്യാക്കാരിയെ സ്‌നേഹിക്കുകയും വിവാഹം ചെയ്യുകയും അവര്‍ക്കൊരു കുഞ്ഞ് പിറക്കുകയും ചെയ്തിരിക്കുന്നു'- ദീപന്‍ പറഞ്ഞതിന്റെ ബാക്കി പൂര്‍ത്തിയാക്കിയത് ബ്യൂറോയില്‍ നിന്ന് സ്‌കോററിയാന്‍ ഇടക്കിടെയെത്തുന്ന ശ്രീജിത്ത് ഓണക്കൂറായിരുന്നു.

 ഇവര്‍ക്കൊന്നും ശത്രുതയില്ലെങ്കില്‍പ്പിന്നെ ഈ കുഞ്ഞിപ്പിള്ളേര് തമ്മിലും ഒരു പ്രശ്‌നവുമുണ്ടാവില്ല. നമ്മളായിട്ട് ഉണ്ടാക്കണ്ട.  'ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ കൗമാരപ്പടയ്ക്ക്........ വേണ്ട..... അതേതായാലും വേണ്ട' സ്‌പോര്‍ട്സ് ചീഫ് രഞ്ജന്‍ കസേരയില്‍ നിന്ന് പുറകിലേക്ക് ചാഞ്ഞ് അമ്പയര്‍ വൈഡ് ബോള് വിളിക്കുമ്പോലെ കൈകള്‍ വിടര്‍ത്തി ഒരു കോട്ടുവായ്‌ക്കൊപ്പം അന്തിമ തീരുമാനം പ്രഖ്യാപിച്ചു.

ന്യൂസ് ഡെസ്‌ക്കിലെ ടിവി, സ്‌പോര്‍ട്ട്‌സ് ഡെസ്‌ക്കിലെ ടിവിയേക്കാള്‍ രണ്ടര സെക്കന്റ് പിറകിലാണ്. ഏറ്റവും പുതിയ ദൃശ്യങ്ങള്‍ക്കായി ഓഫീസിനുള്ളിലെ ആളുകള്‍ മുഴുവന്‍ സ്‌പോര്‍ട്ട്‌സ് ഡെസ്‌ക്കിലെ ടിവിക്ക് മുന്നില്‍ ഇടം പിടിക്കും.

 അന്ന് ചരമം പേജിന്റെ ചുമതലയുണ്ടായിരുന്ന രാമന്‍ മരിച്ചവരെ കാത്തിരുന്നു.

ഏലിയാമ(88) കൂനമ്മാവ്, മേരി ജോണ്‍(72) നായത്തോട്, ഉതുപ്പ്(68 വയസ്സ്) വൈറ്റില. മരിച്ചവര്‍ വന്നുതുടങ്ങിയിട്ടേയുള്ളു. ശരീരം വിട്ടുവരാന്‍ ആത്മാവിന് ഒരു സമയം വേണം. പത്രമാപ്പീസിലെത്താന്‍ പിന്നേയും നേരം പിടിക്കും. ചിലര്‍ പത്രത്തില്‍ കൊടുക്കാന്‍ കൊള്ളാവുന്ന ഫോട്ടോ പരതുകയാവും. ആരാലും തിരിച്ചറിയപ്പെടാതെ പോയ ജീവിതം ജീവിച്ചുതീര്‍ത്തതിന്റെ പ്രതിഷേധമെന്നോണം ചില പടങ്ങളില്‍ അവരില്ല. മുഖമെല്ലാം കാലം അരിച്ചെടുത്തിരിക്കുന്നു. ചിലര്‍ക്ക് പടങ്ങളേയില്ല.

ഫോണ്‍ റിങ് ചെയ്തു. അന്നത്തെ ആദ്യത്തേത്. മരണവിളി.
'ഹലോ....... ചരമം അല്ലേ? ഇത് കൂത്താട്ടുകുളത്ത് നിന്നാണ്. ഏജന്റാണ്'

രാമന്‍: ഏത്? മരണത്തിന്റെ ഏജന്റോ?

'മരണത്തിന്റെയല്ല, പത്രത്തിന്റെ'
രണ്ടുപേരും ചിരിച്ചു. 'ഒരു ചരമം വിട്ടിട്ടുണ്ട്. വേണ്ടപ്പെട്ടവരാണ്. പ്രാധാന്യത്തില്‍ കൊടുക്കണം'

ശ്രമിക്കാമെന്ന് പറഞ്ഞ് പൂര്‍ത്തിയാക്കും മുമ്പ് രാമന്‍ ഫോണ്‍ വച്ചുകഴിഞ്ഞിരുന്നു.
സമയം ആറുമണി ആയിട്ടേയുള്ളൂ. രാമന്‍ മരണം കാത്തിരുന്നു.

ചില ദിവസങ്ങളില്‍ മരിച്ചവര്‍ നേരത്തെ എത്തും. ചിലപ്പോള്‍ അവസാനനിമിഷം മരിച്ചവരുടെ മരണപ്പാച്ചിലായിരിക്കും. അങ്ങനെയുള്ള ദിവസങ്ങളില്‍ ഡസ്‌ക്കില്‍ ചെറിയ രീതിയില്‍ ശബ്ദമുയരും.

'നിങ്ങള്‍ക്കിത് നേരത്തെ അയക്കാമായിരുന്നില്ലേ. ഈ അവസാന നിമിഷംവരെ കാത്തിരിക്കണോ'- ചരമം പേജിന് ചുമതലപ്പെട്ടവര്‍ അപ്പോള്‍ മരണവീടാണോ എന്ന് നോക്കാന്‍ മറക്കും.

'അതെങ്ങനെയാ സാറേ? മരിച്ചാലല്ലേ അയക്കാന്‍ പറ്റൂ. ഇപ്പോ പതിനൊന്നുമണിക്കാ പ്രാണന്‍പോയത്' മറുതലയ്ക്കല്‍നിന്ന് അപ്പോള്‍ നിസ്സഹായതയുയരും.

സമയം ഏഴുമണിയോടടുത്തു. രാമന്‍ വീണ്ടും മരണം കാത്തിരുന്നു.

'രാമാ... നേരത്തെ കിട്ടിയ ഏലിയാമ്മ(88) കൂനമ്മാവ്,  തന്നെയാണോ ഈ ഏലിയാമ്മ എന്ന് ഉറപ്പുവരുത്തണം, ശ്രദ്ധിക്കണം' ഡിടിപിയില്‍ നിന്ന് ജോസപ്പേട്ടന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

'മരണം ആവര്‍ത്തിക്കരുത്. ഒരാള്‍ക്ക് ഒരൊറ്റ മരണമേയുള്ളൂ. നിങ്ങള്‍ക്ക് മരിക്കാതിരിക്കണോ?  എങ്കില്‍ ജനിക്കാതിരിക്കണം'- രാമന്‍ പരസ്പര ബന്ധമില്ലാതെ ആത്മഗതം ചെയ്തു. ചിരിച്ചു.

ആ നേരവും കടന്നുപോയി. ഇനി അടുത്തെങ്ങും ഒരു മരണത്തിന്റെ ലക്ഷണം കാണുന്നില്ലെന്ന് അയാള്‍ ആത്മഗതം തുടര്‍ന്നു.

മരിച്ചവരുടെ പേരുവിവരങ്ങള്‍ എഴുതിവയ്ക്കുന്ന വലിയ പുസ്തകം അയാള്‍ ഒരിക്കല്‍ക്കൂടി തുറന്നു. ക്രമ.ന, പേര്, വയസ്സ്, സ്ഥലം എന്ന് കോളം തിരിച്ച് തിട്ടപ്പെടുത്തിയ പേജിന്റെ മറുഭാഗത്ത്

' ഉറ്റവരില്ലാത്തവന്റെ
ശേഷക്രിയപോലെ
അനാഥമാക്കപ്പെട്ട
സ്വപ്‌നങ്ങള്‍
അജ്ഞാതരാല്‍
അടക്കം ചെയ്യുന്നു
അടിയൊഴുക്കില്‍ ഞാന്‍
മൂന്നു തവണ
മുങ്ങിമരിക്കുന്നു' - എന്നെഴുതിവെച്ച് രാമന്‍ സ്‌പോര്‍ട്സ് ഡസ്‌ക്കിലേക്ക് നടന്നു.

'അല്ല, കളിക്കാര് തമ്മില് പോകട്ടെ. ഇന്ത്യാക്കാരും പാക്കിസ്ഥാന്‍കാരും തമ്മില്‍ എന്തെങ്കിലും ശത്രുതയുണ്ടൊ...'
മുമ്പ് നിര്‍ത്തിര്‍പ്പോയ ചര്‍ച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ശേഷം കളി പുന: രാരംഭിക്കുന്നതുപോലെ,  രാമന്‍ വീണ്ടും തുടക്കമിട്ടു. 'അല്ലെങ്കിത്തന്നെ ഈ ഇന്ത്യയെന്നും പാക്കിസ്ഥാനുമെന്നൊക്കെയുണ്ടൊ'. രാമന്‍ തുടര്‍ന്നു.

'ചരമം പേജ് ചെയ്യുന്നവന്‍ ചരമം പേജ് ചെയ്താല്‍മതി. ഗ്രൗണ്ടിലിറങ്ങിക്കളിക്കണ്ട' ദീപന്‍ കൃത്രിമ ഗൗരവം നടിച്ചു.

അപ്പോഴേക്കും സ്‌പോര്‍ട്സ് പേജിന്റെ ഏകദേശരൂപം തയ്യാറായിക്കഴിഞ്ഞിരുന്നു. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍'. തലക്കെട്ടിനെക്കുറിച്ച് എല്ലാവര്‍ക്കും ഒരേ അഭിപ്രായം.

ചരമം പേജ് പൂര്‍ത്തിയാവാന്‍ പിന്നേയുമേറെക്കഴിഞ്ഞു.

പിന്നേയും ആളുകള്‍ മരിച്ചു.

ആഴ്ചകള്‍ക്കുശേഷം രാമന്‍ നാട്ടിലേക്ക് വണ്ടി കയറി. 11.58 നുള്ള മലബാറിന്. പതിവുപോലെ ഏറെ വൈകിയെങ്കിലും ഇതെന്റെ ജന്മാവകാശമാണെന്ന ഭാവത്തിലാണ് വണ്ടി പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നത്.

എസ് ഒമ്പത് കമ്പാര്‍ട്ട്‌മെന്റിലെ ഇരുപത്തിയേഴാം നമ്പര്‍ അപ്പര്‍ ബര്‍ത്തില്‍ രാമന്‍ കിടന്നു.

അന്നോളം രാമനോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനെഴുന്നേറ്റാല്‍,  പിന്നെ മാഷ് പറഞ്ഞാലെ രാമന്‍ ഇരിക്കാറുള്ളു. പന്ത്രണ്ടാം ക്ലാസിന്റെ ഒരു ദിവസത്തിലും അയാൾ ആ പതിവ് തെറ്റിച്ചിരുന്നില്ല.

കെമിസ്ട്രി ലാബിലെ 'ഉപ്പ്'പരീക്ഷണങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് മുന്നിലും, കണക്കുമാഷിന്റെ ഡെറിവേറ്റീവ്സുകൾക്ക് മുന്നിലും, സുവോളജി ടീച്ചറുടെ ജീവിവർഗീകരണത്തിന് മുന്നിലും ഇംഗ്ലീഷ് മാഷിന്റെ വേക്ക് അപ്പ് ആക്ടിവിറ്റികൾക്ക് മുന്നിലും രാമനിരുന്നില്ല. നിന്നുവിയർക്കുക എന്നത് ആ നേരങ്ങളിൽ അയാളുടെ ജീവിത രീതിയാകും.

നിങ്ങൾ വായിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഓർമിക്കുന്നതുമായ പത്രത്തലക്കെട്ട് ഏതാണ്? - മലയാളം മാഷ് രാമനെ നോക്കി. ക്ലാസിൽ ആരൊക്കെയോ ചിരിച്ചു.

പത്രം വായിക്കാനിടയില്ലാത്ത രാമൻ നില്പപ് തുടങ്ങാൻ പോകുന്നുവെന്ന് ഏകദേശ ധാരണ പരക്കും മുമ്പ്  'വാക; പോണ്ടിങിന്റെ വാട്ടർലൂ' എന്നുപറഞ്ഞ് ആദ്യമായി രാമൻ അമർന്നിരുന്നു. മാഷ് രാമന്റെ അടുത്തേക്ക് നടന്നു. 'ലോകം കീഴടക്കി വരുന്ന റിക്കി പോണ്ടിങ്ങിനേയും സംഘത്തെയും വേഗങ്ങളുടെ പറുദീസയിൽ, വാകയിൽ അനിൽ കുംബ്ലെയുടെ ഇന്ത്യൻ ടീം തകർത്തുവിട്ടതിന്റെ തലക്കെട്ട്'. മാഷ് രാമന്റെ ചുമലിൽ തട്ടി. ഒരു സ്ട്രെെറ്റ് ഡ്രെെവിന് ശേഷമുള്ള കൂടിക്കാഴ്ചക്കിടെ രാഹുൽ ദ്രാവിഡ് സച്ചിന്റെ ചുമലിൽ തട്ടുന്നത് പോലെ അയാൾക്കപ്പോൾ തോന്നി. നിനക്ക് ജേർണലിസ്റ്റാവുന്നതിൽ കേവലം അബദ്ധമില്ല കേട്ടോ... ഒരിക്കൽക്കൂടി മാഷ് രാമന്റെ ചുമലിൽ തട്ടി.

'ടിക്കറ്റ് കാണട്ടെ'
ടിടിആർ രാമന്റെ ചുമലിൽ തട്ടി.
രാമൻ പന്ത്രണ്ടാം ക്ലാസിൽ നിന്നും ആലോചനയിൽ നിന്നും വിച്ഛേദിക്കപ്പെട്ടു.
ടിക്കറ്റ് കാണിച്ചു.
ലെെറ്റണക്കാതെ തന്നെ ടിടിആർ പാതിരാത്രിക്ക് കയറിവന്ന മറ്റേതോ യാത്രക്കാരനെ തട്ടിയെഴുന്നേൽപ്പിക്കാൻ വെമ്പി നടന്നുപോയി.

രാമൻ ഓർമകളിലേക്ക് ഒരു ടിക്കറ്റുകൂടിയെടുത്തു. സൗജന്യം. ഇന്നലകളിലേക്കുള്ള തുരങ്കങ്ങളിലൂടെ ആവണ്ടി എല്ലാമുരൾച്ചകളോടും കുലുക്കങ്ങളോടും കൂടി പാഞ്ഞു. ഓരോ സ്റ്റേഷനുകളിലും വച്ച് രാമൻ ചെറുതായിവന്നു. വണ്ടി പാഞ്ഞു. ചൂളം വിളികൾക്ക് ആളുകൾ വർത്തമാനം പറയുന്ന രീതി. പാർശ്വങ്ങളിലെവിടേയും ഗേറ്റുകൾ അടഞ്ഞില്ല. ഓർമ്മകൾ വന്നിടിച്ചു. പലവട്ടം.


അക്കൊല്ലം നാട്ടിൽ വസൂരി പടർന്നപ്പോൾ തന്നെയാണ് കളിയാരവവും പടർന്നത്. ലോകക്കപ്പ്. കൊല്ലം: 2003സിഇ(ക്രിക്കറ്റിങ് എറ). ആസമയം മറ്റൊന്നുകൂടി പടർന്നിരുന്നു. പരീക്ഷാച്ചൂട്. വെെകുന്നേരങ്ങളിൽ രാമൻ ആറാംക്ലാസിലെ കുചേലവൃത്തം വഞ്ചിപ്പാട്ട് ഉറക്കെച്ചൊല്ലി. അടുത്തവീട്ടിൽ നിന്ന് തന്റെ വിദ്യാർഥിയുടെ പഠനത്തിലുള്ള താൽപര്യം കേട്ട് ആവേശം കയറിയ ജയലക്ഷ്മി ടീച്ചർ ഒരുമത്തി അധികം പൊരിച്ചു.

വീട്ടിലെ മറ്റെല്ലാർക്കും കുമിള പൊന്തിയപ്പോൾ രാമനും അച്ഛനും പതിനഞ്ച് മിനിറ്റ് മാത്രം അപ്പുറത്തുള്ള അച്ഛന്റെ വീട്ടിലേക്ക് നാടുവിട്ടു.
ഇന്ത്യ ഇംഗ്ലീഷ് പടയെ മുട്ടുകുത്തിച്ച അന്ന് രാത്രിയിൽ രാമനും അച്ഛനും പഠിക്കാനിരുന്നു.  കളിക്ക് മുൻപേ വീരവാദം മുഴക്കിയ ആൻഡ്ര്യൂ കാഡിക്കിനെ  സച്ചിൻ ടെൻഡുൽക്കർ സിക്സറിന് പറത്തിയത് രാമൻ അച്ഛനോട് ആവേശപൂർവം പറഞ്ഞു. രണ്ട് പാഠം കൂടി പഠിക്കണമെന്ന് അച്ഛൻ രാമനൊരു കിഴുക്ക് കൊടുത്തു.

"മാറത്തെ വിയർപ്പുവെള്ളം
കൊണ്ടുനാറും സതീർഥ്യനെ
മാറത്തുൺമയോടെ ചേർത്തു
ഗാഢം പുണർന്നു... "
രാമൻ കുചേലവൃത്തത്തിന് ചുറ്റും കറങ്ങി. പഠിച്ചെന്നുവരുത്താൻ, ഇതിലും ഒഴുക്കിൽ ചൊല്ലാൻ മറ്റൊരു പാഠവും രാമൻ കണ്ടില്ല. ഇനിയും വസൂരി പൊന്താത്ത അമ്മ ഇടയ്ക്ക് രാമനെ 'ഉസ്ക്കൂളിൽ'ചെന്നുകണ്ട് കരഞ്ഞു.

സ്കൂള് വിട്ടയുടൻ രാമൻ വീട്ടിലേക്ക് ധൃതിപ്പെട്ട് നടന്നു. ഇന്ത്യയില്ലാത്ത കളി സമാധാനത്തോടെ കാണാം. അവൻ നടപ്പിന് വേഗം കൂട്ടി. നീലയും വെള്ളയും കുപ്പായങ്ങൾ നിറഞ്ഞ റോഡിലൂടെ ഒരുത്തൻ 'ഹൂഡിബാബ... ഹൂഡിബാബ.. ' എന്ന് ശബ്ദമുണ്ടാക്കി രാമനേയും കടന്ന്, മറ്റനേകം വിദ്യാർഥികൾക്കിടയിലൂടെ പാഞ്ഞു. കെെമുഷ്ടികൾ ഭൂമിക്ക് സമാന്തരമായി നീട്ടിപ്പിടിച്ച്,  മുകളിലേക്കും താഴേക്കും തിരിച്ച്, ഏറ്റവും പുതിയ ഒരു ഇരുചക്രവാഹനത്തിലാണ് താനെന്ന് സങ്കൽപ്പിച്ച്,  അവൻ അഗോചരമായ തന്റെ വണ്ടിയുടെ വേഗം കൂട്ടുന്നതായും അവിടമാകെ പുകപടലങ്ങൾ പടരുന്നതായും രാമന് തോന്നി. പുകപടലങ്ങൾക്കുള്ളിലേക്ക്   സാങ്കൽപ്പികമായ ഒരു വണ്ടിയും ഹൂഡിബാബ ഹൂഡിബാബ ശബ്ദവുമായി അവനും മറയുന്നുവെന്ന പോലെ രാമൻ നോക്കിനിന്നു.

അന്ന് ഒരു ശനിയാഴ്ച

'ഗർഭിണികളും ഹൃദ്രോഗികളും കളി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു...' ടെലിവിഷനിൽ ഒരു വാർത്താവായനക്കാരി ഓർമിപ്പിച്ചു. 'ചിരവെെരികൾ ഇന്ന് നേർക്കുനേർ', 'ഇന്ത്യ-പാക് മത്സരം; ചരിത്രം ഇന്ത്യക്കൊപ്പം'....
വാർത്തകളിൽ യുദ്ധം. ബാറ്റുകൾ പീരങ്കികളും പന്തുകൾ വെടിയുണ്ടകളുമായി രൂപാന്തരപ്പെട്ടു.

എല്ലാവരും കാത്തിരുന്നു...
സഇദ് അൻവർ കാത്തിരുന്നില്ല. ഇന്ത്യൻ ബൗളർമാരെ അയാൾ നിരന്തരം 'അതിർത്തികടത്തി'. കളി പുരോഗമിച്ചു.
കാര്യങ്ങൾ മാറിമറിഞ്ഞു. നേരം അർദ്ധരാത്രിയോടടുത്തു. ആളുകൾ കൂട്ടത്തോടെയിരുന്ന് കളികാണുന്നത് തന്നെയായിരുന്നു ആകാലത്ത് അവിടുത്തെയും രീതി. കാണികളുടെ എണ്ണം കൂടിവന്നതോടെ ഇടുങ്ങിയ അകത്തിറയം വിയർത്തു. ഇന്ത്യക്ക് വേണ്ടി ആർപ്പുവിളിക്കുന്ന അവർ അകത്തിറയത്ത് ഇരുഭാഗത്തേക്ക് വിഭജിക്കപ്പെട്ടു. അവർക്ക് നടുവിലെ ഇടുങ്ങിയ വിടവിലൂടെ പുതിയ ആളുകൾ വന്നും പഴയ ആളുകൾ നടുനിവർത്താൻ പുറത്തേക്ക് പോയുമിരുന്നു.

ആളുകളുടെ അക്ഷമകളെ അതിർത്തികടത്തിക്കൊണ്ട്, വാഖാർ യൂനിസിന്റെ പന്ത് സ്ക്വയർ ലെഗിലേക്ക് തട്ടിയിട്ട് രാഹുൽ ദ്രാവിഡ് ബാറ്റ് വാനിലേക്കുയർത്തി. ദക്ഷിണാഫ്രിക്കയിൽ സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് മെെതാനത്ത് പരക്കെ ഇന്ത്യക്കൊടി. ഈഡൻ ഗാർഡനിലെപ്പോലെ, വാങ്കഡെയിലെന്നപോലെ, ചിന്നസ്വാമിയിലെപ്പലെ, കലൂരിലെപ്പോലെയും. കാണികൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് തുള്ളിച്ചാടി.

രാമനും കളികണ്ടവരും പുറത്തേക്കിറങ്ങിയോടി. ഓട്ടത്തിനിടയിൽ കസേരകൾ പൊട്ടി. ചിലരുടെ തല വാതിലിലിടിച്ചു. ചിലർ എഴുന്നേൽക്കാനുള്ള ശ്രമത്തിനിടെ വീണ്ടും വീണ്ടും തറയിൽ വീണു. ചിലരാകട്ടെ അന്ന് സ്വാതന്ത്ര്യം കിട്ടിയപോലെ ഉറക്കെ ശബ്ദമുണ്ടാക്കി സന്തോഷിച്ചു.

അതിനകം തന്നെ അവർ ചെറുതല്ലാത്ത ഒരു സംഘമായി രൂപാന്തരപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഒരാഹ്വാനവും കൂടാതെ. കൂട്ടത്തിലൊരാൾ മുദ്രാവാക്യത്തിന്റെ സ്വരത്തിൽ ആർത്തുവിളിച്ചു. അവ ഏറ്റുവിളിക്കപ്പെട്ടു. പൊടുന്നനെ അവർക്കൊരു നേതാവുണ്ടായി. പ്രത്യക്ഷമായ യാതൊരു തെരഞ്ഞെടുപ്പ് പ്രക്രിയകളുമില്ലാതെ. മുദ്രാവാക്യം തുടർന്നു. ശബ്ദം ഉയർന്നു. ക്രമേണ അവർക്ക് ചലനം സംഭവിച്ചു. അവർ ക്രമരഹിതമായി മുന്നോട്ട് നീങ്ങി. റോഡിലേക്കിറങ്ങി. റോഡിൽ അവരും ഇരുട്ടും.

ചിലരിൽ ഉന്മാദത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. അവ ഇരുട്ടിനെ തുളച്ചു. കെെകൾ ഉയർത്തി നിമിഷങ്ങളോളം വായുവിൽ നിൽക്കുമാറ് അവർ ആകാശത്തേക്ക് ഉയർന്നു. അവർക്കിടയിലൂടെ ചെറിയ ഒരു പിക്അപ്പ് വാനിൽ ചിലർ ആർത്തുവിളിച്ച് കടന്നുപോയി. അവർ ഏതോ ഗുഹാകാല മനുഷ്യരെന്നപോലെ തകരപാത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കി. രാമൻ അവരോടൊപ്പം ആവേശത്തിൽ നടന്നു. മുദ്രാവാക്യം വിളി തുടർന്നു.

പാളീസായ്! പാളീസായ്!
അത്തറ് ചെക്കനും പാളീസായ്!
പാക്കിസ്ഥാൻ ടീമിലെ ഏതാണ്ട് മുഴുവനാളുകളെയും,  അവരുടെ ചില ആരാധകരുടെ പോലും പേരുകൾ അറിയാമായിരുന്നുവെങ്കിലും വിളിക്കാൻ സുഖമുള്ളതിനാലാവും, ഷൊയിബ് അക്തറിനെതിരെയായിരുന്നു ആദ്യം അരിശം. രാമൻ ഏറ്റുവിളിച്ചു. ഉറക്കെ.

പൊട്ടിപ്പോയ്... പൊട്ടിപ്പോയ്...
പച്ചപ്പ്ള്ളറും പൊട്ടിപ്പോയി...
മുദ്രാവാക്യത്തിന്റെ താളം ഉയർന്നു. അതിനുമുമ്പ്, ഇന്ത്യ ഹോളണ്ടിനേയും സിംബാബ് വെയേയും ഇംഗ്ലണ്ടിനേയും നമീബിയയെയും തോൽപ്പിച്ചിരുന്നു. അതിനുശേഷം കെനിയയെയും ന്യൂസീലാൻഡിനെയും തോൽപ്പിച്ചു. അപ്പോഴൊന്നും ആളുകൾ നിരത്തിലിറങ്ങി ഉന്മാദികളായില്ല. ആഘോഷിച്ചില്ല. ഇപ്പോൾ ഇത് കളിയല്ലാതാവുകയും അതിർത്തി കടത്തുന്നതൊന്നും പന്തുകളല്ലാതാവുകയും  മെെതാനത്ത് ഇരുപത്തിരണ്ടുപേരല്ലാതാവുകയും ചെയ്തിരിക്കുന്നു.

'പാളീസായ്... പാളീസായ്
മുറിയന്മാരും പാളീസായ്'
ഇരുട്ടുകളുടെ കൂട്ടത്തിൽ നിന്നൊരാൾ അലറി. കളിയുടെ അതിർത്തി കടന്നെത്തിയ ആ വാക്കുകൾ എന്താണെന്ന് രാമന് മനസിലായില്ല. ഇത്തവണ എല്ലാവരും അലർച്ച ഏറ്റുവിളിച്ചില്ല. എന്നാൽ ഏറ്റുവിളിച്ചവർ അതിന് മുമ്പ് വിളിച്ചതിലും ഉറക്കെ....സാധ്യതയുടെ എറ്റവും തീവ്രതയിൽ.

പൊട്ടിപ്പോയ് പൊട്ടിപ്പോയ്!
മുറിയന്മാരും പൊട്ടിപ്പോയ്...
ഒരിക്കൽക്കൂടി അതേ അലർച്ച. ഇത്തവണ കുറേയധികം പേരാൽ അവ ഏറ്റുവിളിക്കപ്പെട്ടു.

അവരപ്പോൾ ഒരു നാലുംകൂടിയ കവലയിൽ എത്തിച്ചേർന്നു. മുന്നിൽ വായനശാല. അന്നാട്ടുകാർക്ക് എവിടെ നിന്നും, എവിടേക്കും വരികയും പോവുകയും ചെയ്യുമ്പോൾ വായനശാലയിലൂടെയല്ലാതെ വഴികളുണ്ടായിരുന്നില്ല. അല്ലാത്ത യാത്രകളൊക്കെയും അവിടുത്തുകാർക്ക് അപൂർണങ്ങളായി തോന്നും.

സംഘം നാലുംകൂടിയ ആ കവലയിൽ എരിപൊരികൊണ്ടു. അവരിൽ അനിശ്ചിതാവസ്ഥ പ്രകടമായി. പരസ്പരം സംസാരം. ഇരുട്ടിൽ ശബ്ദങ്ങൾ മാത്രം കാണാനാവുന്ന നേരം വായനശാലക്ക് മുന്നിൽ ഇനിയും അഴിച്ചുവെക്കാത്ത ഒരു ചുവന്ന കൊടി.

"വയലിലപ്പള്ളീന്റങ്ങോട്ട് പോണം"
ഇരുട്ടിൽ മുഖമില്ലാത്ത ഒരാൾ വിളിച്ചുപറഞ്ഞു. ആളുകൾ നിശബ്ദരായി. കണ്ടത്തിലെ കളികഴിഞ്ഞ് മസാലമോര് കുടിക്കാൻ രാമൻ പള്ളിക്കടുത്തുള്ള കടയിൽ പോകാറുള്ളതാണ്. അവിടേക്ക് ഇനിയും അരമണിക്കൂറെങ്കിലും നടക്കാനുണ്ട്. ഈ നട്ടപ്പാതിരയ്ക്ക് അങ്ങോട്ട് പോകാൻ നടപ്രാന്തുണ്ടോന്ന് രാമൻ സ്വയം ചോദിച്ചു.

"വയലിലപ്പള്ളീന്റടുത്തേക്ക് എന്തായാലും പോണം"
അയാൾ ആവർത്തിച്ചു.
"ഇന്ത്യ തോക്കുമ്പൊ അവന്മാര് പടക്കം പൊട്ടിക്കാറുണ്ട്"
ഇരുട്ടിൽ മറ്റൊരാൾ പ്രസ്താവിച്ചു. അയാൾക്കതിന് തെളിവുകളൊന്നുമുണ്ടായില്ല.

"എന്നാപ്പിന്നെ എന്തായാലും പോവുകതന്നെ. അങ്ങനെ വിട്ടാപ്പറ്റൂല"
വയലിലപ്പള്ളിക്കടുത്തേക്ക് നീങ്ങണമെന്ന് സംഘം പൊതുവിൽ അഭിപ്രായ എെക്യത്തിലെത്തി. "പള്ളീലോട്ട് നീങ്ങുക തന്നെ" അവർ ഉറപ്പിച്ചു.

അവർക്ക് ചലനമുണ്ടാകും മുമ്പ്, വയലിലപ്പള്ളിക്ക് മുന്നിലൂടെയൊഴുകുന്ന വയലിലത്തോട് നിറംമാറി. വരമ്പുകൾ അനേകം റാഡ്ക്ലിഫ് ലെെനുകളായി. മൂന്നാംതോട്ടിലേക്ക് യാത്രപുറപ്പെട്ട ഒരു പോത്രാംകണ്ണിയുടെ വാല് അതിർത്തി മുള്ളിൽ കുരുങ്ങി ചോരപൊടിഞ്ഞു. വയലുകളിൽ മൂരാൻ കാത്തിരുന്ന കതിരുകൾ എന്തോ മറച്ചുപിടിക്കാനെന്ന പോലെ മണ്ണിനോട് ചാഞ്ഞു. നേരം അർദ്ധരാത്രി പിന്നിട്ടു.

അവർക്ക് ചലനമുണ്ടാകും മുമ്പ് നേരം വെളുത്തു. ഇരുട്ടുകൾക്കൊടുവിൽ ആകാശത്തിന് ചുവപ്പ്.

മലബാർ എക്സ്പ്രസ് രാമന്റെ സ്റ്റേഷനിൽ വന്നുനിന്നു. രാമൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പ്ലാറ്റ്ഫോമിലേക്ക് നടന്നു. പണ്ട് എസ്ടിഡി ബൂത്ത് നടത്തിയിരുന്ന കുഞ്ഞികൃഷ്ണേട്ടൻ ഇപ്പോൾ പത്രം വിറ്റാണ് ജീവിക്കുന്നത്. അയാൾ പത്രം വാങ്ങി ബാഗിനിടയിലേക്ക് ഇറുക്കി.

ചായയും വടയും കഴിച്ചശേഷം രാമൻ പ്ലാറ്റ്ഫോമിൽ നിന്നുതന്നെ പല്ലുതേച്ചു മുഖം കഴുകി. പുറത്തേക്ക് നടന്നു. നാട്ടിലേക്കുള്ള ബസിൽ പുറകിൽ നിന്ന് രണ്ടാമത്, അന്ധർക്കും കണ്ടക്ടർക്കുമുള്ള സീറ്റിലിരുന്നു.
അയാൾ പത്രം വീണ്ടും കയ്യിലെടുത്തു.

രാമൻ പത്രം പുറകിൽ നിന്ന്  വായിച്ചുതുടങ്ങി. വർഷങ്ങളായി പിന്തുടരുന്ന ശീലം.

'ഇന്ത്യൻ കൗമാരപ്പട ഫെെനലിൽ'
രാമൻ ഓർമകളിൽ നിന്ന് എഴുന്നേറ്റു. തലക്കെട്ടിനെക്കുറിച്ച് എല്ലാവർക്കും അഭിപ്രായ ഐക്യമായിരുന്നു. 

Friday, August 16, 2019

ഗതികിട്ടാത്ത തീസിസുകൾ

പഴയ 
ഒളിത്താവളങ്ങൾ
ഉറുമ്പരിച്ചിരിക്കുന്നു
ആരാണവിടെ 
മധുരം വിളമ്പിയത്?

Tuesday, August 13, 2019

ഞാൻ എന്റെ ദേശീയത നിർവ്വചിക്കുന്നു

                             രംനേഷ്‌

തലതിരിച്ച് കെട്ടിയാൽ
പോലീസുപിടിക്കാൻ
എനിക്കൊരു പതാക വേണം.

എഴുന്നേറ്റ് നിൽക്കാത്തതിന്
ക്രൂശിക്കപ്പെടാനൊരു
ദേശീയ ഗാനം.

തലയില്ലാതെ വരച്ചാൽ
തലയുരുളാൻ എനിക്കൊരു
ഭൂപടം വേണം.

രാജ്യദ്രോഹത്തിന്
നാടുകടത്തപ്പെടാൻ
ഒരു അയൽ രാജ്യം.

എന്നെപ്പോലെ ഉണ്ണാനും
എന്നെപ്പോലെ ഉടുക്കാനും
എന്നെപ്പോലെ ഉറങ്ങാനും
കഴിയാതെ,
ജീവിതത്തിന്റെ നടുപ്പുറത്ത്
അടിയേറ്റവരെ കാണുമ്പോഴാണ്
എന്റെ രാജ്യത്ത് എത്ര പാകിസ്ഥാനുണ്ടെന്ന്
മനസ്സിലാകുന്നത്.

നിശബ്ദരാകൂ...
അവർ ദേശീയ ഗാനം മുഴക്കുന്നു.
ഇത് കലാപത്തിന്റെ നാലുമണി.
നമുക്ക് കുട്ടികളായി
വീട്ടിലേക്കോടാം.

അതുമല്ലെങ്കിൽ നമുക്ക്
നമ്മുടെ ശവം
ചുമക്കേണ്ടിവരും.
അവരോട് ആംബുലൻസിനു
യാചിക്കേണ്ടിവരും.

Sunday, August 4, 2019

മാർക്സും മാവോയും ഞാനും


രംനേഷ്‌


പ്രഭാതങ്ങളിൽ 
എനിക്ക് താടിവളരും
അകത്ത് മരിച്ച്കിടക്കുന്ന
എന്റെ സ്വപ്നങ്ങളുടെ 
ശവപ്പെട്ടിക്കായി
ഞാ൯ കാത്തിരിക്കും.
ആരാണ് എനിക്കൊരു
'പെന്നി'അയച്ചുതരിക?

വെെകുന്നേരങ്ങളിൽ
എനിക്ക് നെറ്റികയറും,
ചിന്തകളുടെ തോക്കി൯-
കുഴലിലൂടെ
അജ്ഞാതമായ ഒരു മൗനം
ലോങ്ങ്മാർച്ച് നടത്തും.

രാത്രിയിൽ 
ഒരു പ്രച്ഛന്നവേഷ
മത്സരത്തിൽ 
എന്റെ മുഖംമൂടിയണിഞ്ഞ്
ഞാ൯ പരാജയപ്പെടും.

Tuesday, July 30, 2019

ചാവേറുകൾ

രംനേഷ്‌


ചുംബനങ്ങളുടെ 
പ്രത്യയശാസ്ത്ര
പ്രതിസന്ധിക്കിടെ
ചുണ്ടിന് ചുണ്ടെന്ന്
ഞാ൯ തീസീസിറക്കിയതും,
നമ്മുടെ പ്രണയ- 
സമ്മേളനങ്ങൾ
രക്തരൂക്ഷിതമായതും,
നഷ്ടപ്പെടലിന്റെ
പോലീസ് സ്റ്റേഷനുകൾ
അക്രമിച്ചതും
വേർപിരിയലിന്റെ 
സായുധ സേനയ്ക്കരികെ
ചാവേറായ് പോയതും
ഗൂഢാലോചനയ്ക്ക്
പിടിക്കപ്പെട്ടതും
പ്രിയപ്പെട്ടവളേ...
മറ്റൊരർദ്ധരാത്രിയിൽ
നമുക്കിടയിൽ 
സ്വാതന്ത്ര്യം പിറക്കാനാണല്ലോ...

സ്വപ്നങ്ങളിൽ നിന്നാണ് മനുഷ്യനുണ്ടായത്

രംനേഷ്‌

നമ്മുടെ 
ശ്വാസോച്ഛ്വാസങ്ങൾ
അതിവേഗത്തിലാകുമ്പോൾ
നമ്മുടെ കുഞ്ഞ്
ഒരു കൊടുങ്കാറ്റാണെന്ന്
ഞാ൯ സ്വപ്നം കാണുന്നു.

ചുണ്ടോട് ചുണ്ടുചേർക്കുമ്പോൾ
നമ്മുടെ കുഞ്ഞ് 
ഒരു ചുവന്ന പുഴയാണെന്ന്,

നിന്റെ മുടിയിലേക്ക്
വഴുതി വീഴുമ്പോൾ
നമ്മുടെ കുഞ്ഞ്
ഒരു പട്ടുനൂൽപ്പുഴുവാണെന്ന്,

നിന്റെ കണ്ണുകളിലേക്ക്
ഊളിയിട്ടിറങ്ങുമ്പോൾ
നമ്മുടെ കുഞ്ഞ് 
മത്സ്യമായ് നീന്തുന്നുവെന്ന്,

നിന്റെ പൊക്കിൾച്ചുഴിയിലൂടെ
ഊർന്നിറങ്ങുമ്പോൾ
നമ്മുടെ കുഞ്ഞ്
ഒരു കുഴിയാനയെപ്പോലെ,

വനാന്തരങ്ങളിലൂടെ
കുതിച്ചുപായുമ്പോൾ
നമുക്ക് ഒരു
കടുവക്കുഞ്ഞാണെന്ന്,

നമ്മളിലൂടെ രേതസ്സിന്റെ
അരുവിയൊഴുകുമ്പോൾ
നമ്മുടെ കുഞ്ഞ് 
ഒരു പുള്ളിമാനെപ്പോലെ
മുഖംനോക്കാനെത്തുന്നു,

ഒന്നിന് മേലെ 
ഒന്നായി നാം
കിതച്ചുറങ്ങുമ്പോൾ
സ്വപ്നങ്ങളിൽ 
നമുക്കൊരു
മനുഷ്യക്കുഞ്ഞ് 
പിറക്കുന്നു.

Sunday, July 28, 2019

തോറ്റവരുടെ കാൽപ്പാടുകൾ


    രംനേഷ്‌

ജീവിച്ചിരുന്നു എന്നതിന് 
ഒരു തൂവൽപോലും 
കൊഴിച്ചിടാതെ
അസ്തമയത്തെക്കുറിച്ചുള്ള 
ഒരു ജലച്ചായചിത്രത്തിലൂടെ
ഞാനവസാനിക്കുന്നു.


ചിരവൈരികള്‍

കഥ : രംനേഷ് തലക്കെട്ടിനെക്കുറിച്ച് പൊതുവില്‍ എല്ലാവരിലും അഭിപ്രായ ഐക്യമുണ്ടായിരുന്നുവെങ്കിലും സ്‌പോര്‍ട്സ് ഡസ്‌ക്കില്‍ അന്ന് ചര്‍ച്ച...